Wednesday, March 25, 2009

തിരുത്ത് - ഒരു തുടക്കവും ചില ഒടുക്കങ്ങളും

ചുല്യാറ്റ് കുനിഞ്ഞുനിന്നു മേശപ്പുറത്ത് പരത്തിവച്ച പ്രധാനവാര്‍ത്തയ്ക്കു സുഹറ തലക്കെട്ടായി കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തിരുന്ന ‘തര്‍ക്കമന്ദിരം’ തകര്‍ത്തു എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ചു പലതവണ വെട്ടി. എന്നിട്ടു വിറയ്ക്കുന്ന കൈ കൊണ്ട്, പാര്‍ക്കിസണിസത്തിന്റെ ലാഞ്ഛന കലര്‍ന്ന വലിയ അക്ഷരങ്ങളില്‍ വെട്ടിയ വാക്കിന്റെ മുകളില്‍ ‍, എഴുതി; ‘ബാബറി മസ്‌ജിദ്’.

സുഹറയുടെ വലിയ കണ്ണുകളില്‍ നിന്ന് ചറം പോലെ കണ്ണുനീര്‍ തുള്ളിതുള്ളിയായി ഒലിച്ചു.   അവള്‍ ചുല്യാറ്റിനെ നോക്കി പറഞ്ഞു : നന്ദി സാര്‍

തിരുത്ത്, എന്‍ എസ് മാധവന്‍

ഈ കഥ ഒരു തുടക്കവും മറ്റെന്തിന്റെയൊക്കെയോ ഒടുക്കവുമായിരുന്നു.

അഞ്ചുനേരവും മുടങ്ങാതെ നിസ്കരിക്കുന്ന മുസ്ലീം ജിഹാദിയല്ലെന്നു തെളിയിക്കേണ്ടതിന്റെ തുടക്കം. സുഹ്‌റ ഒരു മുസ്ലീം ആയതുകൊണ്ടു മാത്രം ബാബറി മസ്ജിദിനെ തര്‍ക്കമന്ദിരമെന്നു വിശേഷിപ്പിച്ചു്‌ എഴുതി തുടങ്ങിയത്. സുഹ്‌റയ്ക്കു പകരം സുനന്ദയോ സുനീതയോ ആയിരുന്നെങ്കില്‍ രണ്ടാമതൊന്നു ആലോചിക്കാതെ ബാബറിമസ്ജിദ് എന്നെഴുതാന്‍ കഴിയുമായിരുന്നില്ലേ? കഴിയുമായിരിക്കണം!

ചുല്യാറ്റിന്റെ തിരുത്ത് അവസാനത്തെ തിരുത്തായിരുന്നു. പിന്നീടു വന്ന കാലം തിരുത്തിന്റേതായിരുന്നില്ലല്ലോ. അമ്പലത്തില്‍ നിത്യവും പോകുന്നവര്‍ സംഘ്‌പരിവാര്‍ അനുഭാവിയല്ലെന്നു തെളിയിക്കേണ്ടി വരുന്നതിന്റെയും നിസ്കാരത്തഴമ്പുള്ളവര്‍ ഇന്ത്യയെ തങ്ങള്‍ അഗാധമായി സ്നേഹിക്കുന്നുവെന്നു മാറിമാറി തെളിയിക്കേണ്ടി വരുന്നതിന്റെയും വേദനയേറിയ തുടക്കമായിരിക്കണം സുഹ്‌റയിലേത്.

അതെ, ചുല്യാറ്റിന്റെ തിരുത്ത് ഇതു തെറ്റാണ്‌ എന്നു ആര്‍ജ്ജവത്തോടെ പറയുവാന്‍ കഴിഞ്ഞിരുന്ന ഒരു തലമുറയുടെ ഒടുക്കവും തങ്ങള്‍ ശരിയാണെന്ന് ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തേണ്ടി വരുന്ന മറ്റൊരു തലമുറയുടെ തുടക്കവുമാണ്‌.

വേദനിപ്പിക്കുന്ന ഈ സാമൂഹികദുരന്തങ്ങളില്‍ നിന്നും ഒഴിവുകിട്ടുവാന്‍ വര്‍ഗ്ഗീയശക്തികളെ അധികാരകേന്ദ്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുക. ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്യുക.